കൂൺ കൃഷി - koonkrishi.com

1. കൂൺ വളർത്തൽ ആർക്കൊക്കെയാണ് അനുയോജ്യം?
ഉത്തരം: സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും അനുയോജ്യമായ ഒരു സംരംഭമാണ് കൂൺ വളർത്തൽ. എന്നാൽ ഓരോ വിഭാഗത്തിനും ഇത് അനുയോജ്യമാകുന്നതിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്.

1.1 വിദ്യാർത്ഥികൾക്ക് കൂൺ വളർത്തൽ എങ്ങനെ പ്രയോജനപ്പെടും?

കൂൺ വളർത്തൽ വിദ്യാർത്ഥികൾക്ക് വളരെ അനുയോജ്യമാണ്. അതുകൊണ്ടു തന്നെയാണ് ഈ ചോദ്യം ഒന്നാമതായി ചേർത്തിരിക്കുന്നത്.

1.2 വീട്ടമ്മമാർക്ക് കൂൺ വളർത്തൽ എങ്ങനെ പ്രയോജനപ്പെടും?

വിദ്യാഭ്യാസമുള്ള പല വീട്ടമ്മമാർക്കും ഒരു സ്ഥിരം ജോലിക്ക് പോകാൻ പല കാരണത്താൽ ബുദ്ധിമുട്ടുണ്ടാകും. അങ്ങനെ ഉള്ളവർക്ക് ഒഴിവുസമയം ഫലപ്രദമായി ഉപയോഗിക്കാനുള്ള നല്ലൊരു മാർഗമാണ് കൂൺ വളർത്തൽ. 1.3 ജോലിക്കാർക്ക് ജോലിയോടൊപ്പം കൂൺ വളർത്തൽ എങ്ങനെ അധിക വരുമാനമാക്കാം?

പ്രധാന ജോലിയെ ബാധിക്കാത്ത രീതിയിൽ ചെറിയ തോതിൽ കൂൺ വളർത്തൽ ആരംഭിച്ച് ഒരു അധിക വരുമാനമാർഗമായി വികസിപ്പിക്കാം. ജോലി തുടരുന്ന സമയത്ത് തന്നെ ഉൽപ്പാദനം, വിപണി, ഉപഭോക്താക്കളുടെ വിശ്വാസം എന്നിവ വളർത്തിയെടുക്കാൻ കഴിയും. അങ്ങനെ ഒരാളുടെ മുഴുവൻ സാമ്പത്തിക സുരക്ഷയും ജോലിയെ മാത്രം ആശ്രയിച്ചിരിക്കേണ്ടി വരില്ല. ഒരു അധിക വരുമാനമാർഗം ഉണ്ടെങ്കിൽ ജോലിസ്ഥലത്തും കൂടുതൽ ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കാനും, ജോലി നഷ്ടപ്പെടുമോ എന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും കഴിയും.

1.4 ജോലിയിൽനിന്ന് വിരമിച്ചവർക്ക് കൂൺ വളർത്തൽ എങ്ങനെ പ്രയോജനപ്പെടും?

വിരമിച്ചതിനുശേഷം പെട്ടെന്ന് ചെയ്യാൻ കാര്യങ്ങളില്ലാതെ വീട്ടിലിരിക്കുന്നവർക്ക് കൂൺ വളർത്തൽ രസകരവും ഫലപ്രദവുമായ ഒരു പ്രവർത്തനമാക്കാം. വലിയ ശാരീരിക അധ്വാനം ആവശ്യമില്ല. സമയം ഫലപ്രദമായി ചെലവഴിക്കുന്നതിനൊപ്പം ചെറിയൊരു വരുമാനവും ലഭിക്കും. നേടിയ അറിവും അനുഭവവും മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും കഴിയും. അങ്ങനെ വിരമിച്ച ശേഷമുള്ള ജീവിതം വെറുതെ ചെലവഴിക്കുന്നതിന് പകരം സജീവവും പ്രയോജനപ്രദവുമാക്കാൻ കൂൺ വളർത്തൽ സഹായിക്കും.

1.5 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൂൺ വളർത്തൽ എങ്ങനെ ഒരു തൊഴിൽമാർഗമാകും?

വളരെ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന ഒരു തൊഴിൽമേഖലയാണ് കൂൺ വളർത്തൽ. വലിയ സ്ഥലമോ വലിയ അടിസ്ഥാനസൗകര്യങ്ങളോ ആവശ്യമില്ല; ഒരു ചെറിയ മുറിയിൽ പോലും ആരംഭിക്കാം. ചെറിയ തോതിൽ ഉൽപ്പാദനം തുടങ്ങി ചെറിയ വരുമാനത്തിൽ നിന്ന് ക്രമേണ കൂടുതൽ വരുമാനത്തിലേക്ക് വളർത്താം. മറ്റുള്ളവരോട് സഹായം ചോദിക്കുന്നതിനുപകരം, സ്വന്തം അധ്വാനത്തിലൂടെ വരുമാനം ഉണ്ടാക്കുന്നത് ആത്മാഭിമാനവും സ്വയംപര്യാപ്തതയും നൽകും. കൂൺ ഭാരമുള്ള ഉൽപ്പന്നമല്ലാത്തതിനാൽ സമീപ പ്രദേശങ്ങളിൽ തന്നെ വിതരണം ചെയ്യാനും വിൽക്കാനും എളുപ്പമാണ്. അടുത്തുള്ള വീടുകൾ, നാട്ടുകാർ, പ്രാദേശിക ഉപഭോക്താക്കൾ എന്നിവരെ കേന്ദ്രീകരിച്ച് ചെറിയൊരു വിപണി സൃഷ്ടിക്കാം.

1.6 ജോലി സ്ഥിരതയില്ലാത്തവർക്ക് കൂൺ വളർത്തൽ എങ്ങനെ ഒരു ബദൽ വരുമാനമാകും?

ജോലിയിൽ പ്രതിസന്ധി നേരിടുന്നവർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവർക്കും കൂൺ വളർത്തൽ ഒരു ബദൽ വരുമാനമാർഗമായി വളർത്തിയെടുക്കാം. ജോലിയും വരുമാനവും ലഭിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ചെറിയ തോതിൽ ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്. ഒന്നോ രണ്ടോ വർഷം കൊണ്ട് അനുഭവവും ഉൽപ്പാദനശേഷിയും വിപണിയും വളർത്തിയെടുത്താൽ, ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ അത് ഒരു പ്രധാന തൊഴിലും വരുമാനമാർഗവുമായി വികസിപ്പിക്കാം.

1.7 പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കൂൺ വളർത്തൽ എങ്ങനെ പ്രയോജനപ്പെടും?

ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് എപ്പോൾ വേണമെങ്കിലും നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായേക്കാം. അതിനാൽ ഗൾഫിൽ ജോലിയുള്ള സമയത്തുതന്നെ നാട്ടിൽ ചെറിയ തോതിൽ കൂൺ വളർത്തൽ ആരംഭിച്ച് വികസിപ്പിക്കുന്നത് ഒരു നല്ല ബദൽ പദ്ധതിയാണ്. ഒന്നോ രണ്ടോ വർഷം കൊണ്ട് ഉൽപ്പാദനം, അനുഭവ പരിചയം, വിപണി, ഉപഭോക്താക്കളുടെ വിശ്വാസം എന്നിവ വളർത്തിയെടുക്കാം. പിന്നീട് ഗൾഫ് ജോലി അവസാനിച്ചാലും നാട്ടിൽ ഇതിനകം വളർന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭം ഉണ്ടായിരിക്കും. അതുപോലെ, ഗൾഫിൽ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളികൾക്ക് നാട്ടിൽ നിന്ന് കൂൺ വളർത്തൽ നടത്തി കുടുംബത്തിന് ഒരു അധിക വരുമാനമാർഗം സൃഷ്ടിക്കാനും കഴിയും. അങ്ങനെ, ജോലി ഉള്ളപ്പോൾ തന്നെ ഭാവിയിലെ ഒരു ബദൽ വരുമാനമാർഗം തയ്യാറാക്കാൻ കൂൺ വളർത്തൽ സഹായിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിൽ എല്ലാവർക്കും യോജിച്ച ഒരു കാർഷിക വ്യവസായ മേഖലയാണ് കൂൺ വളർത്തൽ.