ജീവിതത്തിൽ ഞാൻ നേരിട്ട ഒരു വലിയ പരീക്ഷയാണ് കാൻസർ രോഗത്തിന്റെ ഭീഷണി. ദൈവം നടത്തിയ വഴികൾ വല്ലപ്പോഴും എന്നെ തന്നെ ഓർമ്മിപ്പിക്കേണ്ടതിനും അതുപോലെ ഇത് മറ്റുള്ളവർക്കും ഒരു അനുഗ്രഹമായി തീരേണ്ടതിനും വേണ്ടിയാണ് ഈ സാക്ഷ്യം ഇവിടെ എഴുതുന്നത്..
എന്നെക്കുറിച്ച്
അറിയാത്തവർക്ക് വേണ്ടി പറയാം, എന്റെ പേര് സാം തോമസ്. സ്വദേശം അടൂരിനടുത്ത്. ഇപ്പോൾ എറണാകുളം കിഴക്കമ്പലത്ത് താമസിക്കുന്നു. ദീർഘകാxലം അബുദാബിയിൽ ആയിരുന്നു. പ്രധാനമായും ടീച്ചർ ആയിരുന്നു, പിന്നെ അവസരം കിട്ടിയപ്പോഴൊക്കെ അക്കൗണ്ടന്റ് ആയും മറ്റും ജോലി ചെയ്തു. ഇപ്പോൾ നാട്ടിൽ ചെറിയൊരു പാർട്ട് ടൈം ജോലി എന്ന നിലയ്ക്ക് ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന പരീക്ഷകൾക്ക് ഇൻവിജിലേറ്ററായി പോകുന്നുണ്ട്. ഇനി കാര്യത്തിലേക്ക് വരാം.
രോഗത്തിന്റെ തുടക്കം.. അടുത്തുള്ള ആശുപത്രി
എനിക്കിപ്പോൾ 66 (2026) വയസ്സായി. ഒന്നു രണ്ടു വർഷമായി ചില ശാരീരിക ബുദ്ധിമുട്ടുകൾ എന്നെ അലട്ടാൻ തുടങ്ങി. സത്യത്തിൽ കാര്യമായ അസുഖങ്ങൾ ഒന്നും ഇതിനുമുമ്പ് ബാധിച്ചിട്ടില്ല. കൊറോണയുടെ കാലത്ത് മിക്കവാറും വീട്ടിൽ തന്നെ ഇരുന്നു. അത് കഴിഞ്ഞപ്പോൾ അമിതമായ ശരീര ക്ഷീണം, കൈവിരലുകൾക്ക് നീരും വേദനയും അങ്ങനെ ഒരു കൂട്ടം പ്രശ്നങ്ങൾ. ഇതൊക്കെ പ്രായമാവുന്നതിന്റെ ലക്ഷണങ്ങളാണ് എന്ന് സമാധാനിച്ച് അല്പസ്വല്പം നടപ്പും ഭക്ഷണക്രമീകരണവും ഒക്കെയായി ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് കൊണ്ടുനടന്നു. ക്രമേണ ഓരോ ശാരീരിക പ്രശ്നങ്ങൾ കൂടിക്കൂടിവന്നു. എന്റെ സ്വയം ചികിത്സയിൽ കാര്യങ്ങൾ നിൽക്കാതെയായി. കഴിഞ്ഞ നവംബർ ഒക്കെ ആയപ്പോഴേക്കും (Nov 2024) വിശപ്പ് കുറഞ്ഞു കുറഞ്ഞ് ആഹാരം തീരെ വേണ്ടാതായി. തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ പോയി. ഫിസിഷ്യനെ കണ്ടു. ഒരു ഗൗരവക്കാരനായ വെള്ളി തലമുടിക്കാരൻ ഡോക്ടർ. അദ്ദേഹം ഒരു ജലൂസിലൊ മറ്റോ തന്ന് നല്ല വാക്കും പറഞ്ഞ് വിടുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. വയറിന്റെ എക്സറേ ഒക്കെ എടുത്തു. പിന്നെ കൈവിരലുകൾ നഖം ഇതൊക്കെ നോക്കി. ഡോക്ടർക്ക് സംഗതി അത്ര പന്തി അല്ല എന്ന് മനസ്സിലായി. സംഗതി കുഴപ്പമാണെന്ന് എനിക്കും മനസ്സിലായി. എന്നോട് പറഞ്ഞു സർജറി വേണ്ടിവരും, കുറേക്കൂടെ സൗകര്യങ്ങൾ ഉള്ള വലിയ ഹോസ്പിറ്റലിൽ പോയി യൂറോ സർജനെയോ ഗ്യാസ്ട്രോ സർജനയോ കാണണം.
രാജഗിരി ആശുപത്രി; ആദ്യത്തെ സ്കാനിങ് - അൾട്രാസൗണ്ട്
ഇവിടെ അടുത്തുള്ള വലിയ ആശുപത്രി രാജഗിരി ആശുപത്രിയാണ്. നാല് കിലോമീറ്റർ ദൂരമേ ഉള്ളൂ. അങ്ങനെ കഴിഞ്ഞ നവംബർ 16 ആം തീയതി ശനിയാഴ്ച രാജഗിരി ഹോസ്പിറ്റലിൽ പോയി. ചെന്നു കണ്ടപ്പോഴേ എനിക്ക് ആ ആശുപത്രിയും ചുറ്റുപാടും ഒക്കെ വളരെ ഇഷ്ടപ്പെട്ടു. നല്ല അടുക്കും ചിട്ടയും വൃത്തിയും. ഒരു ഇന്റർനാഷണൽ എയർപോർട്ടിലോ ലുലു മാളിലോ മറ്റോ കയറുമ്പോൾ തോന്നുന്ന ഒരു എലഗന്റ് ലുക്ക്. നേരെ ഗ്യാസ്ട്രോ സർജനെ കണ്ടു. ഡോക്ടർ നോക്കിയിട്ട് ഒരു അൾട്രാസൗണ്ട് സ്കാൻ ചെയ്യാനും പിന്നീട് ഫിസിഷ്യനെ കണ്ട് അദ്ദേഹം നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ ലാബ് ടെസ്റ്റുകൾ ചെയ്യാനും, എന്നിട്ട് ഈ രണ്ടു റിപ്പോർട്ടുകളുമായി യൂറോ സർജനെ കാണാനും പറഞ്ഞു. അൾട്രാ സൗണ്ട് അപ്പോൾ തന്നെ ചെയ്തു. പലതരം സ്കാനിങ്ങുകളിലെ ഏറ്റവും ലളിതമായ സ്കാനിങ് ആണ് അൾട്രാ സൗണ്ട്. ഗർഭസ്ഥ ശിശുക്കളുടെ വളർച്ച മോണിറ്റർ ചെയ്യാനൊക്കെ ഗൈനക്കോളജിസ്റ്റുകൾ ഉപയോഗിക്കുന്ന അതേ സ്കാനർ. സ്കാൻ ചെയ്യുന്ന ഡോക്ടർ കമ്പ്യൂട്ടറുമായി കണക്ട് ചെയ്തിട്ടുള്ള കയ്യിലെടുക്കാവുന്ന ഒരു സ്കാനർ എന്റെ വയറിനു മുകളിൽ കൂടി മെല്ലെ നീക്കിക്കൊണ്ട് സ്ക്രീനിൽ തെളിഞ്ഞുവരുന്ന ചിത്രത്തിൽ നോക്കി ക്രിക്കറ്റ് കമെന്ററി പോലെ നല്ല ലളിത സുന്ദരമായ ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു, ഒരു അസിസ്റ്റന്റ് അതെല്ലാം വളരെ വേഗത്തിൽ ടൈപ്പ് ചെയ്ത് എടുക്കുന്നു. എത്ര ശ്രദ്ധിച്ചിട്ടും പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. അതിപ്പോ മലയാളത്തിൽ പറഞ്ഞാലും മനസ്സിലാകാൻ പോകുന്നില്ല. ട്രാബികുലേറ്റഡ് എന്നും പാരാ അയോർട്ടിക് ഏരിയ എന്നും ഒക്കെ കേട്ടാൽ പ്രീഡിഗ്രിക്ക് പോലും സുവോളജി പഠിച്ചിട്ടില്ലാത്ത എനിക്ക് എന്തോന്ന് മനസ്സിലാകാൻ? എന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി ഡോക്ടർ പറഞ്ഞു പ്രോസ്റ്റേറ്റ് കുറേയേറെ വലുതായിട്ടുണ്ട്, യൂറോ സർജനെ കാണുമ്പോൾ വിശദമായി പറഞ്ഞുതരും. റിപ്പോർട്ട് ഉടനെ പ്രിന്റ് ചെയ്തു കിട്ടി. കേട്ടു മനസ്സിലാകാതിരുന്ന കുറച്ചു കാര്യങ്ങളൊക്കെ വായിച്ചപ്പോൾ മനസ്സിലായി. വയറിനകത്ത് ഉള്ള എല്ലാ ഓർഗൻസിനെയും സ്കാൻ ചെയ്തിട്ടുണ്ട് . ലിവർ കിഡ്നി പാൻക്രിയാസ് ഗാൾ ബ്ലാഡർ ഇതിനൊന്നും വലിയ പ്രശ്നം കാണുന്നില്ല. കിഡ്നിക്കു ഒരു ചെറിയ പ്രശ്നം പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ഇപ്പോൾ ഇത് എഴുതുമ്പോഴാണ് ഞാൻ അത് കാണുന്നത്. ഹൈഡ്രോയൂറിത്രോനെഫ്രോസിസ് എന്നാണ് അതിന്റെ പേര് പറഞ്ഞിരിക്കുന്നത്. അത് മോഡറേറ്റ് ആണെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എടുത്തു പറഞ്ഞിരിക്കുന്നത്. പ്രോസ്റ്റേറ്റ് എന്ന ഗ്രന്ഥി വളരെ ഏറെ വലുതായിരിക്കുന്നു. അതുമൂലം മൂത്രമൊഴിച്ചു കഴിഞ്ഞിട്ടും വളരെയേറെ മൂത്രം ബ്ലാഡറിൽ അവശേഷിക്കുന്നു.
പ്രോസ്റ്റേറ്റ് - വലിപ്പം 200 മില്ലി എന്ന ലോക റെക്കോർഡ്
പ്രോസ്റ്റേറ്റ് എന്താണ് എവിടെയാണ് എന്ന് അറിയാത്തവർക്ക് വേണ്ടി മാത്രം ഞാൻ ചിത്രം കണ്ടും വായിച്ചും മനസ്സിലാക്കിയ ഏകദേശ വിവരം പറയാം. എല്ലാവർക്കും അറിയാവുന്നതുപോലെ രക്തത്തിൽ നിന്ന് മൂത്രം അരിച്ചുമാറ്റി പുറന്തള്ളുക എന്ന ഏറ്റവും പ്രധാന പങ്കുവഹിക്കുന്നവയാണ് രണ്ട് കിഡ്നികൾ . അവയെ നട്ടെല്ലിന് ഇരുവശവും ആയി പൊക്കിളിന് പിന്നിൽ അല്പം കൂടി ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്നു . അവിടെനിന്ന് രണ്ട് ട്യൂബ് പൊക്കിളിൽ നിന്ന് ഏതാണ്ട് 3 ഇഞ്ച് താഴെയുള്ള മൂത്രസഞ്ചിയിലേക്ക് (ബ്ളാഡർ) കണക്ട് ചെയ്തിരിക്കുന്നു. ബ്ലാഡറിൽ നിന്ന് വയറിനുള്ളിൽ കൂടി ഏകദേശം മൂന്ന് ഇഞ്ചിൽ താഴെയുള്ള ഒറ്റക്കുഴലാണ് മൂത്രനാളി. ഇത്രയും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ തന്നെയാണ്. മൂത്രനാളിയുടെ തുടക്കത്തിൽ അതിനെ പൊതിഞ്ഞ് കാണുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. സ്ത്രീകളിൽ യൂട്രസ് എന്ന പോലെ പുരുഷന്മാരിൽ പ്രത്യുൽപാദന സംവിധാനത്തിന്റെ ഭാഗമായ ഒരു ഗ്രന്ഥിയാണ് ഇത്. യൂറിനറി സിസ്റ്റം ഒരു ബിൽഡിങ്ങിന്റെ ഭാഗമായി ചിന്തിച്ചാൽ ഒരു ഗേറ്റ് കീപ്പറെ പോലെ ചില വാൽവുകളെ അടക്കുകയും തുറക്കുകയും ചെയ്യുക ഒക്കെയാണ് ആളിന്റെ പ്രധാന ജോലി. ഒരു പ്രായം കഴിഞ്ഞാൽ അതിന് പ്രത്യേകിച്ച്യ പണിയൊന്നുമില്ല. പ്രോസ്റ്റേറ്റിന്റെ നോർമൽ വലിപ്പം 20 സി സി; എന്നുവച്ചാൽ ഒരു കോഴി മുട്ടയുടെ പകുതി വലിപ്പം. ഒരു 50 വയസ്സൊക്കെ കഴിഞ്ഞവർക്ക് അതിന്റെ വലിപ്പം പരിശോധിച്ചാൽ 30 സിസി വരെയൊക്കെ കാണാറുണ്ട്. അവിടെ വരെയൊക്കെ വലിയ കുഴപ്പമില്ല. അതിനു മുകളിലേക്ക് പോയാൽ പ്രോസ്റ്റേറ്റിനുള്ളിൽ കൂടി പോകുന്ന മൂത്രനാളിയെ അതു ഞെരുക്കാൻ തുടങ്ങും. അങ്ങനെ മൂത്രതടസം കണ്ടു തുടങ്ങും. ഏറ്റവും കൂടിയ പ്രോസ്റ്റേറ്റ് എൻലാർജുമെന്റ് പോലും 80 സിസി വരെയൊക്കെയാണ് എത്താറുള്ളത്. എന്റെ പ്രോസ്റ്റേറ്റ് വലിപ്പം അൾട്രാസൗണ്ട് സ്കാനിങ്ങിൽ കണ്ടത് 200 സിസി ആണ്. ഇന്റർനെറ്റിൽ കണ്ടതനുസരിച്ച് എനിക്ക് തോന്നുന്നത് ഇതൊരു ലോക റെക്കോർഡ് ആണെന്നാണ്. എങ്കിലും അത്ര കഠിനമായ മൂത്ര തടസ്സം അനുഭവപ്പെട്ടിരുന്നില്ല. അൾട്രാ സൗണ്ട് ഒരു ഏകദേശ കണക്ക് മാത്രമാണെന്ന് പറയാം.. പിന്നീട് എംആർഐ ചെയ്തപ്പോൾ അത് 140 എന്ന് കണ്ടു. അത് തന്നെ ഒരു വലിയ നമ്പറാണ്.
അൾട്രാസൗണ്ട് റിപ്പോർട്ടുമായി ഫിസിഷ്യനെ കണ്ടു. എല്ലാം നോക്കിയിട്ട് വിശദമായ ലാബ് ടെസ്റ്റിന് കുറിച്ച് തന്നു. ലാബിൽ പോയി സാമ്പിളുകൾ എല്ലാം കൊടുത്തു. കാന്റീനിൽ നിന്ന് ലഘു ഭക്ഷണവും കഴിച്ച് വൈകുന്നേരം വീട്ടിലെത്തി
പിറ്റേന്ന് ഞായറാഴ്ച, സ്വസ്ഥമായിരുന്നു കുറിച്ചിരിക്കുന്ന ലാബ് ടെസ്റ്റുകളുടെ വിശദാംശങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്ത് ഒരു വിധം മനസ്സിലാക്കി. ടെസ്റ്റുകളുടെ കൂട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ആദ്യ സൂചന നൽകുന്ന ഒരു ടെസ്റ്റ് ഉണ്ട്. അതിന്റെ പേരാണ് പി എസ് എ (prostate specific antigen). ഇതിന്റെ റേഞ്ച് 0 മുതൽ 4 വരെയാണ്. അതിനു മുകളിലേക്ക് വരുന്നത് നല്ലതല്ല. പി എസ് എ 10നു മുകളിൽ ഒക്കെ വരുമ്പോഴേ ക്യാൻസർ ആകാനുള്ള ചാൻസ് 50 ശതമാനത്തിലേറെയാണ്. അത് ഇരുപതോ മറ്റോ ആയാൽ ക്യാൻസർ തന്നെയെന്ന് ഡോക്ടർമാർ മനസ്സിൽ ഉറപ്പിക്കും. കൂടുതൽ ടെസ്റ്റ് വേണമെന്ന് മാത്രമേ നമ്മളോട് പറയുകയുള്ളൂ.
സൗമ്യനും സുമുഖനുമായ യൂറോ ഡോക്ടർ
തിങ്കളാഴ്ച രാവിലെ ഹോസ്പിറ്റലിൽ എത്തി. ലാബ് റിസൽട്ട് കയ്യിൽ കിട്ടി. അഞ്ചാറു പേജുകളിലായി വളരെ വിശദമായ ടെസ്റ്റ് റിസൽറ്റ് ആണ്. അത് കയ്യിൽ കിട്ടിയപ്പോൾ ഞാൻ ആദ്യം തിരയുന്നത് പിഎസ് എ. മറ്റു ലക്ഷണങ്ങളൊക്കെ ഉണ്ടായതുകൊണ്ട് മിക്കവാറും എട്ടോ പത്തോ ഒക്കെ വന്നേക്കാം എന്ന് ചിന്തിച്ചിരുന്നു. പക്ഷേ സംഗതി കണ്ടപ്പോൾ പത്തും ഇരുപതും ഒന്നുമല്ല പിഎസ്‌എ 58. ഞാൻ വൈഫിനോട് പതിയെ പറഞ്ഞു ഞെട്ടരുത്, പി എസ് എ വളരെ കൂടുതലാണ്. കർത്താവ് അത്ഭുതം പ്രവർത്തിക്കും. സത്യത്തിൽ ഇത് ഞാൻ എന്നെ ധൈര്യപ്പെടുത്താൻ വേണ്ടി സ്വയം പറയുന്നതാണ്, വിശ്വാസ കാര്യത്തിൽ പുള്ളിക്കാരി എന്നെക്കാൾ പതിന്മടങ്ങ് സ്ട്രോങ്ങ് ആണ്. 46-)o സങ്കീർത്തനത്തിൽ പറയുന്നതുപോലെ "ആകാശം കുലുങ്ങി സമുദ്രമധ്യേ വീണാലും ഞാൻ പേടിക്കയില്ല" എന്നതാണ് പുള്ളിക്കാരിയുടെ രീതി.
തിങ്കളാഴ്ച ദിവസം പതിവുപോലെ നല്ല ആൾ തിരക്കായതു കൊണ്ട് ഒന്നു രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു യുറോ ഡോക്ടറുടെ അടുത്തെത്താൻ. നല്ല സൗമ്യനും സുമുഖനുമായ ഡോക്ടർ. ആലുവയിൽ എന്റെ കസിൻസ് ഉണ്ട്. അവരെല്ലാവരും നല്ല സൗന്ദര്യവും സൗമ്യതയും ഉള്ള മനുഷ്യരാണ്. ഈ ഡോക്ടർക്ക് അവരുടെ ഒരു മുഖച്ഛായ, അതുകൊണ്ട് എനിക്ക് ഡോക്ടറെ വളരെ ഇഷ്ടപ്പെട്ടു. സ്കാനിംഗ് റിപ്പോർട്ട് കണ്ട് ഡോക്ടർ പോലും ഞെട്ടിപ്പോയി. ഇത്രയും നാൾ എങ്ങനെ കൊണ്ടുനടന്നു എന്നത് ഡോക്ടർക്ക് പോലും അതിശയം. ഞാൻ പറഞ്ഞു കാര്യമായ ബുദ്ധിമുട്ടൊന്നും എനിക്ക് തോന്നിയില്ല. മൂത്രം പോകാൻ ട്യൂബ് (കത്തീറ്റര്‍) ഇടണം. ലാബ് റിപ്പോർട്ട് മിക്കവാറും എല്ലാം നോർമൽ ആണ്. ക്രിയാറ്റിൻ അല്പം കൂടുതലുണ്ട്, നെഫ്രോളജിസ്റ്റിനെ കൂടെ കാണണം. ഞാൻ അതൊന്നും അത്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്റെ മനസ്സിൽ കത്തീറ്റർ ഇടുന്നതിന്റെ ടെൻഷൻ ഒരു വഴിക്ക് പിന്നെ ഉയർന്ന നിൽക്കുന്ന പിഎസ്‌എ. പണ്ട് മാമുക്കോയ പറഞ്ഞതുപോലെ തല പോകുന്ന കാര്യം ചിന്തിച്ചിരിക്കുന്ന ആളിനോട് വിരൽ പോകുന്ന കാര്യം പറഞ്ഞാൽ എങ്ങനെയിരിക്കും? ലാബ് റിപ്പോർട്ടിന്റെ പേജുകൾ ഓരോന്ന് ഡോക്ടറുടെ സ്ക്രീനിൽ നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ പിഎസ്എ സ്ക്രീനിൽ വന്നു. ഡോക്ടർ വെറുതെ അതിലൊന്നു നോക്കി പ്രത്യേകിച്ച് ഒന്നും പറയാതെ അടുത്ത പേജിലേക്ക് പോകാൻ തുടങ്ങുന്നതാണ് കണ്ടത്. ഞാൻ പെട്ടെന്ന് പറഞ്ഞു "ഡോക്ടർ പി എസ് എ".. ഡോക്ടർ ചെറുതായി ഒന്ന് ചിരിച്ചു എന്നിട്ട് മെല്ലെ പറഞ്ഞു "സാരമില്ല". യൂറിൻ ബ്ലോക്ക് ആയി കിടക്കുമ്പോൾ പി എസ് എ ഉയരാറുണ്ട്. കത്തീറ്റർ ഇട്ട് അടുത്തയാഴ്ച പി എസ് എ നോക്കാം. അങ്ങനെ പുറത്തുവന്നു, കത്തീറ്റർ ഇടുന്ന റൂമിൽ പോയി അതു കഴിഞ്ഞു,
ഇടയ്ക്ക് കിഡ്നിയുടെ ഡോക്ടർ
നെഫ്രോളജിസ്റ്റിനെ കണ്ടു, ക്രിയാറ്റിൻ 5.3; ഇത് സാധാരണ 1, 1.5 അവിടെയൊക്കെ നിൽക്കേണ്ടതാണ്. കൂടുതലായാൽ കിഡ്നി പ്രശ്നങ്ങളുടെ സൂചനയാണ്. ഡോക്ടർ പറഞ്ഞു തനിയെ നോർമൽ ആകുന്നോ എന്ന് നോക്കാം. ഒന്ന് രണ്ട് ഗുളിക കുറിച്ചു തന്നു. രണ്ടുദിവസം കഴിഞ്ഞിട്ട് രാവിലെ വന്ന് ക്രിയാറ്റിന്റെ ടെസ്റ്റ് ഒരിക്കൽ കൂടി ചെയ്തിട്ടു റിസൽറ്റുമായി ഡോക്ടറെ കാണണം എന്നു പറഞ്ഞു വിട്ടു.
അങ്ങനെ രണ്ടുദിവസം കഴിഞ്ഞ് പറഞ്ഞതുപോലെ ടെസ്റ്റ് റിസൽറ്റുമായി നെഫ്രോളജിസ്റ്റിനെ വീണ്ടും കണ്ടു. ക്രിയാറ്റിൻ ലെവൽ 3.6 ആയി കുറഞ്ഞു. രണ്ട് ആഴ്ച കഴിഞ്ഞു വീണ്ടും ആർ എഫ് ടി (renal function test) ടെസ്റ്റ് ചെയ്ത് ക്രിയാറ്റിൻ നോർമൽ ആയിട്ടുണ്ടോ എന്ന് നോക്കാം എന്ന് പറഞ്ഞു. അങ്ങനെ നവംബർ മാസം കഴിഞ്ഞു. അടുത്ത ഡേറ്റ് ഡിസംബർ 4.
ഡിസംബർ നാലാം തീയതി രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തി. ടെസ്റ്റ് ഒക്കെ കഴിഞ്ഞു. റിസൽറ്റ് കയ്യിൽ കിട്ടിയപ്പോൾ നോക്കുന്നത് പിഎസ്‌എ കുറഞ്ഞിട്ടുണ്ടോ എന്നാണ്. സന്തോഷം, പി എസ് എ 38 ആയി കുറഞ്ഞിരിക്കുന്നു. അതുപോലെ തന്നെ ക്രിയാറ്റിനിൻ 1.9 പ്രായം വെച്ച് നോക്കുമ്പോൾ ക്രിയാറ്റിൻ ഏതാണ്ട് നോർമലായി എന്ന് പറയാം. ഇനിയങ്ങോട്ട് യൂറോയുടെ ഡോക്ടറെ മാത്രം കണ്ടാൽ മതി. നെഫ്രോളജിസ്റ്റ് ഒഴിവായി.
എന്നാൽ പിഎസ്‌എ കുറഞ്ഞതിന്റെ സന്തോഷം അല്പസമയം മാത്രമേ നിലനിന്നുള്ളൂ. കാരണം റിസൽറ്റു കണ്ടിട്ട് ഡോക്ടർ പറഞ്ഞു, ഇതിൽ കാര്യമില്ല, കത്തീറ്റർ ഇട്ടാൽ നാല് അഞ്ച് ദിവസങ്ങൾ കൊണ്ട് പി എസ് എ നോർമൽ ലെവൽ ആയ നാലിൽ താഴെ വരേണ്ടതാണ്. ഇത് ഉയർന്നു തന്നെ നിൽക്കുന്ന സ്ഥിതിക്ക് എം ആർ ഐ ചെയ്തു നോക്കണം. അങ്ങനെ എംആർഐക്ക് ഡേറ്റ് എടുക്കാനായി റേഡിയോളജി ഡിപ്പാർട്ട്മെന്റിൽ പോയി. അവിടത്തെ തിരക്ക് കാരണം എംആർഐ ചെയ്യാനുള്ള ഡേറ്റ് ഒരാഴ്ച കഴിഞ്ഞ് ഡിസംബർ പതിനൊന്നാം തീയതിക്ക് കിട്ടി.
ഹെവൻലിഫീസ്റ്റ് പറവൂർ മീറ്റിംഗ്
ഇതിനിടയിൽ ഒരു പ്രധാനപ്പെട്ട സംഭവം ഉണ്ടായി. ഞാൻ ഉൾപ്പെട്ടു നിൽക്കുന്ന ഹെവൻലി ഫീസ്റ്റ് ചർച്ചിന്റെ ഒരു ടി വി വ്യൂവേഴ്സ് മീറ്റിംഗ് ഇവിടെ അടുത്ത് പറവൂരിൽ വച്ച് നടന്നു. ഞാൻ അത് അറ്റൻഡ് ചെയ്തു. രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിന് ആദ്യമേ വിളിക്കുന്നത് പ്രോസ്റ്റേറ്റ് സംബന്ധമായ ആരെങ്കിലുമുണ്ടെങ്കിൽ മുന്നോട്ട് വരണം എന്നാണ്. അങ്ങനെ ഞാൻ ആദ്യത്തെ ആളായി മുന്നിൽ ചെന്നു. ഹെവൻലിസ്റ്റിനെ മുൻനിരയിൽ നിന്ന് നയിക്കുന്ന തോമസുകുട്ടി ബ്രദറിനെ കൂടാതെ എന്നെ അടുത്തറിയാവുന്ന എല്ലാ ദൈവദാസന്മാരും അവിടെയുണ്ടായിരുന്നു. അവരെല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. അവിടെവെച്ച് പെട്ടെന്ന് ഒരു സൗഖ്യം ഒന്നും തോന്നിയില്ല. എന്നാൽ മനസ്സിൽ ഒരു പ്രതീക്ഷ, പതിനൊന്നാം തീയതി എംആർഐ സ്കാനിംഗ് വരുന്നുണ്ട്, അതിൽ ഒരു അത്ഭുതം കാണുക, തുടർന്ന് അടുത്ത പതിനാലാം തീയതി പിറവത്ത് വെച്ച് ഇതേ മീറ്റിംഗ് നടക്കുന്നുണ്ട്. അവിടെ പോയി സൗഖ്യം ആയതിന്റെ സാക്ഷ്യം പറയാം എന്നൊക്കെ ആയിരുന്നു കണക്കുകൂട്ടൽ.
ദൈവത്തിന്റെ ഷെഡ്യൂൾ
നമുക്ക് ഓരോ കാര്യങ്ങളും പ്രതീക്ഷിക്കാം പ്രാർത്ഥിക്കാം; അപ്പോഴും ഓർമിക്കേണ്ട ഒന്നുണ്ട്, എല്ലാറ്റിനെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ദൈവത്തിന്റെ ഷെഡ്യൂൾ നമുക്ക് അറിയില്ലല്ലോ. ഒന്നാമത് എംആർഐ മെഷീൻ കേടായി. പതിനൊന്നാം തീയതി വെച്ചിരുന്ന സ്കാനിംഗ് പതിനാറാം തീയതിക്ക് മാറ്റി. എംആർഐയുടെ റിസൽറ്റു വന്നപ്പോൾ ആദ്യം കണ്ട കാര്യങ്ങൾ ഒന്നുകൂടെ സ്ഥിരീകരിക്കാണ് ചെയ്തത്.
കൂട്ടത്തിൽ പറയട്ടെ, ഈ ഹോസ്പിറ്റലിൽ എത്തും മുമ്പുതന്നെ ക്യാൻസറിന്റെ സൂചന ഞാൻ ഒരുവിധം ഊഹിച്ചിരുന്നു. അതിന് പലകാരണങ്ങളുണ്ട്. ഒന്നാമത് എന്റെ ശരീര ഭാരം വളരെ വേഗം കുറയുന്നു. ശരീരത്തിന് അമിത ക്ഷീണം. പോരാത്തതിന് ആദ്യത്തെ ഹോസ്പിറ്റലിൽ ഗൗരവക്കാരനായിരുന്ന ഡോക്ടർ എന്റെ വയറൊക്കെ അമർത്തി നോക്കി കൈയുടെ നഖവും നോക്കികഴിഞ്ഞ ഉടനെ വളരെ ഫ്രണ്ട്ലിയായി മാറി. എല്ലാം കൂടെ ചേർത്ത് ചിന്തിച്ചപ്പോഴേ സംഗതി പന്തിയല്ല എന്ന് എനിക്ക് തോന്നി. പിന്നെ ഇനി ഇവിടെ തുടർന്നുവരുന്ന ടെസ്റ്റുകൾ ഒക്കെ ക്യാൻസർ സ്ഥിരീകരിക്കാനുള്ള ടെസ്റ്റുകൾ ആണെന്നും മനസ്സിലായി. ഇനിയിപ്പോൾ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. സാധാരണ ഒരു രോഗം പോലെ അല്ല കാൻസർ. ഒന്നാമത് ഭീമമായ ചികിത്സ ചെലവ്. പിന്നെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ. ഇതെല്ലാം കഴിഞ്ഞ് അവസാനം ഏതാനും ചില വർഷങ്ങൾ നീട്ടി കിട്ടിയാൽ ഭാഗ്യം. ഇങ്ങനെ ഒരു രോഗവിവരം പൊടുന്നനെ അറിയുമ്പോൾ ആരായാലും പകച്ചു പോകും. ഇത്തരം സാഹചര്യത്തിലാണ് ഒരു ദൈവം കൂടെയുള്ളതിന്റെ വില നമ്മൾ തിരിച്ചറിയുന്നത്.
പലർക്കും ദൈവം ഏതാണ്ട് ഒരു എമർജൻസി ലൈറ്റ് പോലെയാണ്. കറന്റ് പോകുമ്പോൾ മാത്രം ഉപയോഗിക്കുന്ന ലൈറ്റ്. എന്നാൽ ദൈവം ഒരു എമർജൻസി ലൈറ്റ് അല്ല മറിച്ച് നമ്മുടെ എല്ലാ സാഹചര്യത്തിലും കൂടെയിരിക്കുന്ന ഒരു നിത്യ പ്രകാശമാണ് ദൈവം (യെശയ്യാവ് 60:19). ദൈവത്തോട് ചേർന്ന് നടന്ന ദാവീദ് പറയുന്നു കൂരിരുൾ താഴ് വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. നീ എന്നോട് കൂടെ ഇരിക്കുന്നുവല്ലോ. (സങ്കീർത്തനങ്ങൾ 23:4 ). മരണ നിഴലിൽ താഴ് വര അഥവാ valley of the shadow of death എന്നാണ് ഇംഗ്ലീഷ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് അനർത്ഥം ഭയപ്പെടാത്തത്? ധൈര്യകൂടുതൽ കൊണ്ടല്ല, മറിച്ച് ദൈവം കൂടെയുണ്ട് എന്ന ബോധ്യം കൊണ്ടാണ്. അങ്ങനെ ഞാൻ ഇരുന്നു മുന്നോട്ടുള്ള കാര്യങ്ങളൊക്കെ കണക്ക് കൂട്ടാനും അതൊക്കെ ആരും കേൾക്കാതെ കർത്താവിനോട് സംസാരിക്കാനും തുടങ്ങി. 65 കൊല്ലം ഇവിടെ ജീവിച്ചിട്ട് അങ്ങോട്ട് ചെല്ലുകയാണ്. എന്തെങ്കിലും ഒരു കരുതൽ, ആരെയെങ്കിലും ഒക്കെ സഹായിക്കുകയോ നാട്ടുകാർക്ക് ഗുണമുണ്ടാകുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്തു വയ്ക്കുകയോ പറയാനായിട്ട് ഒന്നുമില്ല. നമ്മുടെ സൽപ്രവർത്തികൾ അല്ല നമ്മളെ അവിടെ എത്തിക്കുന്നത് എന്നൊക്കെ പറയാം. എങ്കിലും ദൈവം ഇവിടെ ചിലതൊക്കെ ചെയ്തുതീർക്കാൻ വേണ്ടിയാണ് ഓരോ മനുഷ്യനെയും ഇങ്ങോട്ട് അയച്ചിട്ടുള്ളത്. ഒന്നും ചെയ്യാതെ കയ്യും വീശി അങ്ങോട്ടു ചെല്ലുന്ന കാര്യം ഓർത്തപ്പോൾ ഒരു ചെറിയ വിഷമം. അപ്പോഴാണ് ഹിസ്കിയാ രാജാവിനെ ഓർമ്മ വന്നത്. ഞാൻ പറഞ്ഞു കർത്താവേ പണ്ട് ഹിസ്കിയാവിനു കൊടുത്തതുപോലെ ഒരല്പം സമയം നീട്ടി കിട്ടിയിരുന്നെങ്കിൽ; എന്തെങ്കിലും വലിയ കാര്യം ചെയ്യാമെന്ന ചിന്തകൊണ്ടൊന്നുമല്ല എങ്കിലും ഒരു ആഗ്രഹം.
എംആർഐ സ്കാനിംഗ്
അങ്ങനെ ഡിസംബർ പതിനാറാം തീയതി എത്തി. എംആർഐ ടെസ്റ്റിന്റെ രീതി അറിയാത്തവർക്ക് വേണ്ടി പറയാം നമ്മളെ കിടത്തി ഒരു കുഴലിനകത്തേക്ക് കയറ്റി സ്കാൻ ചെയ്യുന്ന ഒരു രീതിയാണ് അത്. ഇങ്ങനെ ഒരു അടച്ച കുഴലിലേക്ക് കയnറ്റി വിടുന്നത് ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. എനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. പിന്നെ ആകെയുള്ള പ്രശ്നം അതിന്റെ ഒരു ശബ്ദം, ചെവിക്ക് കേടു വരാതിരിക്കാനും അതുപോലെ ഓപ്പറേറ്റർക്ക് അത്യാവശ്യ കാര്യങ്ങൾ പറയാനുമായി ഒരു ഇയർഫോൺ ചെവിയിൽ വച്ചുതന്നു. പോരാത്തതിന് സിനിമാ പാട്ടും ഇട്ടു തന്നു. ഞാൻ പറഞ്ഞു സിനിമാ പാട്ട് വേണ്ട. മനുഷ്യനിവിടെ ടെൻഷനടിച്ച് കിടക്കുമ്പോൾ അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല എന്ന് കേട്ടാൽ എങ്ങനെ ഇരിക്കും? മെഷീന്റെ ശബ്ദം അതൊരു വല്ലാത്ത ശബ്ദമാണ്, ഏതാണ്ട് ചെവിയുടെ തൊട്ടടുത്തു കൊണ്ടുവന്നു ജാക്ക് ഹാമർ കൊണ്ട് പാറ തുരക്കുന്നതുപോലെയുള്ള ശബ്ദം. ഇടയ്ക്കിടയ്ക്ക് ഓപ്പറേറ്റർ ഇയർഫോണിൽ കൂടി ശ്വാസം എടുക്കുക വിടുക ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ തരും. എനിക്ക് തോന്നുന്നത് സ്കാനിങ് ഏതാണ്ട് രണ്ടു മണിക്കൂറിൽ കൂടുതൽ എടുത്തു എന്നാണ്. ഏതായാലും രണ്ടു മണിക്കൂർ ഒരു നാല് ദിവസം പോലെ യാണ് തോന്നിയത്. റിപ്പോർട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ കിട്ടി.
എംആർഐ റിപ്പോർട്ടിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞിരിക്കുന്നത് grossly enlarged prostate. എന്നുവെച്ചാൽ വല്ലാതെ വളർന്ന പ്രൊസ്റ്റേറ്റ്, കൂടാതെ കുറെയേറെ കാര്യങ്ങളുണ്ട്. പ്രധാനമായും പറഞ്ഞിരിക്കുന്നത് പ്രോസ്റ്റേറ്റിൽ സംശയാസ്പദമായ ചില കുരുക്കൾ (lesions) കാണുന്നുണ്ട് എന്നാണ്. അവയുടെ ഗൗരവം അനുസരിച്ച് ഒന്നു മുതൽ അഞ്ചുവരെ ഗ്രേഡ് ചെയ്തിട്ടുണ്ട്. തിരക്കു കാരണം ഡോക്ടറെ കാണാൻ സമയം എടുക്കും, കിട്ടിയ സമയം കൊണ്ട് റിപ്പോർട്ടിൽ കാണുന്ന കാര്യങ്ങളൊക്കെ ഇന്റർനെറ്റ് നോക്കി ഏകദേശം മനസ്സിലാക്കി. റിപ്പോർട്ട് കണ്ടിട്ട് ഡോക്ടർ പറഞ്ഞു മൂന്നു വരെ ഉള്ളത് പ്രശ്നമല്ല, നാല് അഞ്ച് ഗ്രേഡിലുള്ളവയെ എന്താണെന്ന് നോക്കണം. എന്ന് വെച്ചാൽ ഈ കാണുന്ന കുരുക്കൾ കാൻസറസ് ആണോ എന്നറിയാൻ ബയോപ്സി ചെയ്തു നോക്കണം.
ബയോപ്സി - ഒടുവിൽ നല്ല വാർത്ത
അങ്ങനെ ബയോപ്സിയുടെ ഡോക്ടറെ പോയി കണ്ടു. അതിന് ആവശ്യമായ ടെസ്റ്റുകൾക്ക് ഒക്കെ കുറിച്ചു തന്നു. പുറമേയുള്ള ബയോപ്സി പോലെയല്ല ശരീരത്തിന് അകത്തുനിന്നാണ് സാമ്പിൾ എടുക്കേണ്ടത്. ലൈറ്റും ക്യാമറയും ഒക്കെ വയറിനകത്തേക്ക് കടത്തിവിടുക എന്നിട്ട് മുഖക്കുരുവിനെക്കാൾ അല്പം കൂടെ മാത്രം വലിപ്പമുള്ള കുരുക്കളിൽ നിന്ന് സാമ്പിൾ നുള്ളി എടുക്കുക. ലോക്കൽ അനസ്തേഷ്യ തന്നിട്ടുണ്ടാവണം. കുറേനേരം സെർച്ച് ചെയ്തു സാമ്പിൾ എടുക്കേണ്ട പോയിന്റ് തീരുമാനിച്ച ശേഷം സാമ്പിൾ സൂക്ഷിക്കേണ്ട ട്യൂബും ഫിറ്റ് ചെയ്തിട്ട് ഡോക്ടർ ഒന്നു പറഞ്ഞിട്ടാണ് എടുക്കുന്നത്. കുഞ്ഞുങ്ങളുടെ കാതു കുത്തുന്ന തോക്ക് കണ്ടിട്ടുണ്ടല്ലോ. ഏതാണ്ട് അതുപോലെ എന്തോ ആണ് ഈ സാമ്പിൾ എടുക്കുന്ന സംഭവം. ഓർക്കാപ്പുറത്ത് നമ്മൾ ഓവർ റിയാക്ട് ചെയ്യാതിരിക്കാൻ ആണ് ഡോക്ടർ മുമ്പേ സൂചന തരുന്നത്. പറഞ്ഞുകഴിഞ്ഞ് "ഠേ" ഒറ്റ വെടി. ആദ്യം ഞെട്ടിപ്പോകും. രണ്ട് സൈഡിൽ നിന്നായി 12 സാമ്പിൾ എടുത്തു. അതു കഴിഞ്ഞു പുറത്തുവന്നു കസേരയിലിരുന്നു ദേഹമാകെ വിയർത്തു എന്റെ ബോധവും പോയി. വേഗം ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി , കുറെ ഇഞ്ചക്ഷൻ ഒക്കെ തന്നു, ഈ സി ജി, ബിപി എല്ലാം നോക്കി കുഴപ്പമൊന്നുമില്ല. രണ്ടുമണിക്കൂർ കഴിഞ്ഞ് വീട്ടിൽ പോന്നു
ഇതിതിനിടയ്ക്ക് എന്റെ ജന്മദിനവും കടന്നുപോയി. മെഡിക്കൽ റിപ്പോർട്ടുകളിൽ തലേദിവസം വരെ 64 വയസ്സ് എന്ന് കാണിച്ചിരുന്ന സ്ഥാനത്ത് 65 പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജന്മദിനം മാത്രമല്ല, ക്രിസ്തുമസും ന്യൂ ഇയറും കഴിഞ്ഞു. ഇടവിട്ട് ഇടവിട്ട് ഹോസ്പിറ്റൽ വിസിറ്റ് ചെയ്യുക, യൂറിൻ ട്യൂബ് മാറ്റുക, മരുന്നുകൾ വാങ്ങുക അങ്ങനെയൊക്കെ രണ്ടാഴ്ച കഴിഞ്ഞു. ജനുവരി എട്ടാം തീയതി ബയോപ്സിയുടെ റിപ്പോർട്ട് വന്നു. റിപ്പോർട്ട് നമ്മുടെ കയ്യിൽ നേരിട്ട് തരികയല്ല ചെയ്യുന്നത്. കാരണം ഊഹിക്കാമല്ലോ. ആദ്യം ഡോക്ടറെ കണ്ടു. ഡോക്ടർ പറഞ്ഞു കുഴപ്പമില്ല കാൻസർ ലക്ഷണം ഒന്നുമില്ല. സത്യത്തിൽ റിപ്പോർട്ട് കണ്ടിട്ട് ഡോക്ടർക്ക് പോലും വിശ്വാസമാകുന്നില്ല. എന്നോട് ചോദിച്ചു നമുക്ക് ഒന്നുകൂടി ബയോപ്സി ചെയ്താലോ? ഡോക്ടർ പറഞ്ഞത് ഈ കുരുക്കൾ വളരെ ചെറുതാണ്, ബയോപ്സിയിൽ അത് മിസ്സ് ആകാനുള്ള ചാൻസ് ഉണ്ട്. നമ്മൾ ഇപ്പോൾ സിമ്പിൾ സർജറി ചെയ്യുകയും അതിന്റെ സാമ്പിൾ ടെസ്റ്റ് ചെയ്യുമ്പോൾ കുഴപ്പം കാണുകയും ചെയ്താൽ സർജറി വീണ്ടും ചെയ്യേണ്ടിവരും. എനിക്ക് കാര്യം മനസ്സിലായി. ഒരിക്കൽ കൂടി ബയോപ്സി ചെയ്യുന്ന ബുദ്ധിമുട്ട് ഓർത്തിട്ട് ഞാൻ ബയോപ്സി വീണ്ടും വേണ്ടെന്നു പറഞ്ഞു. ഇത് ക്യാൻസർ അല്ല എന്ന് ഒരു ബലമായ വിശ്വാസം എന്റെ ഉള്ളിൽ അപ്പോൾ തന്നെ ഉറച്ചിരുന്നു.
രണ്ടു വിധം പ്രോസ്റ്റേറ്റ് സർജറി
മുമ്പേ പറയാൻ വിട്ടുപോയി. പ്രോസ്റ്റേറ്റ് സർജറി പ്രധാനമായും രണ്ടു വിധത്തിലുണ്ട്. ഒന്നാമത്തേതിൽ പ്രോസ്റ്റേറ്റിനെ മൊത്തത്തിൽ മുറിച്ചു മാറ്റാതെ പുറം കവർ നിലനിർത്തിക്കൊണ്ട് അകത്തുള്ള ടിഷ്യു മുഴുവൻ എടുത്തു മാറ്റുന്നു. ഇതിനെ സിമ്പിൾ പ്രോസ്റ്റക്റ്റമി എന്ന് പറയുന്നു. രണ്ടാമത്തെ രീതി പ്രോസ്റ്റേറ്റിനെ മൊത്തത്തിൽ എടുത്തു മാറ്റുക എന്നതാണ്. അതിന് റാഡിക്കൽ പ്രോസ്റ്റക്റ്റമി എന്നാണ് പറയുന്നത്. ഡോക്ടർമാർ റാഡിക്കൽ സർജറി അങ്ങേയറ്റം അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ചെയ്യുകയുള്ളൂ. അതിനു കാരണം അകത്തുള്ള ഓരോന്നും മറ്റ് അവയവങ്ങളുമായി കൂട്ടി കെട്ടിയും ഒട്ടിച്ച് ചേർത്തും വളരെ കോമ്പാക്ട് ആയിട്ടാണ് ദൈവം ഫിറ്റ് ചെയ്തു വിട്ടിരിക്കുന്നത്. അതിൽനിന്ന് പ്രോസ്റ്റേറ്റ് മാത്രം മുറിച്ചെടുത്ത് വാൽവുകളും മറ്റും തിരിച്ചു തുന്നിച്ചേർക്കുമ്പോൾ അതൊക്കെ പഴയതുപോലെ പ്രവർത്തിക്കും എന്ന് യാതൊരു ഉറപ്പുമില്ല. ഇതിന്റെ ഗൗരവം എനിക്കറിയില്ലല്ലോ, അതുകൊണ്ട് ഞാൻ ചോദിച്ചു നമുക്ക് റാഡിക്കൽ ചെയ്താലോ? ഡോക്ടർ വളരെ ശാന്തമായി പറഞ്ഞു ഏറ്റവും അത്യാവശ്യമുള്ള സാഹചര്യത്തിൽ മാത്രമേ റാഡിക്കൽ പോസ്റ്റക്ടമി ചെയ്യുകയുള്ളൂ. എന്നുവെച്ചാൽ കാൻസർ ബാധിച്ചിട്ടുണ്ട് എന്ന് ബോധ്യമായാൽ മാത്രമേ റാഡിക്കൽ സർജറി ചെയ്യുകയുള്ളൂ. സത്യത്തിൽ ആദ്യത്തെ അസ്വസ്ഥതകൾ ഒക്കെ മാറിയ സ്ഥിതിക്ക് എനിക്ക് തന്നെ ഉള്ളിൽ അറിയാം ക്യാൻസർ ഒന്നും ഇല്ല എന്ന്. എങ്കിലും കാര്യങ്ങൾക്ക് വ്യക്തത വേണമല്ലോ . അതുകൊണ്ട് ചോദിച്ചു; ഇപ്പോൾ സിമ്പിൾ സർജറി ചെയ്യുകയും സാമ്പിൾ ബയോപ്സിക്ക് അയക്കുമ്പോൾ ക്യാൻസർ ഉണ്ടെന്ന് കാണുകയും ചെയ്താൽ പിന്നെ എന്തു ചെയ്യും? ഡോക്ടർ പറഞ്ഞു, അങ്ങനെയായാൽ രണ്ടാമത് സർജറി ചെയ്യേണ്ടിവരും; ഒരു സർജറിക്ക് പുറകെ മറ്റൊന്ന് കൂടി, അത് ചിന്തിക്കാൻ കൂടി പറ്റാത്ത കാര്യം. അല്ലെങ്കിൽ പിന്നെ റേഡിയേഷൻ ചെയ്യേണ്ടിവരും. എന്തായാലും മറ്റു പ്രശ്നങ്ങളൊന്നും ഇല്ല മനസ്സിൽ ഉറപ്പിച്ചു അങ്ങനെ സിമ്പിൾ സർജറി ചെയ്യാമെന്ന് തീരുമാനമായി. അപ്പോഴേക്കും ജനുവരി ഏതാണ്ട് പകുതി കടന്നു. ഹോസ്പിറ്റലിന്റെ ഭാഗത്ത് എല്ലാം റെഡിയാണ്. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് അപ്പുറം എന്നു വേണമെങ്കിലും ഓപ്പറേഷൻ ചെയ്യാവുന്നതേയുള്ളൂ. അപ്പോഴാണ് നമ്മുടെ ഭാഗത്ത് ഒരു ചെറിയ തടസ്സം. എന്റെ വൈഫ് കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ കൊടുക്കുന്നുണ്ട്. പത്താം ക്ലാസിലെ കുട്ടികളാണ്. ജനുവരി ഫെബ്രുവരി അവർക്ക് അങ്ങേയറ്റം പ്രധാനമാണ്. ഒരു അഡ്ജസ്റ്റ്മെന്റും അവിടെ ചെയ്യാൻ പറ്റില്ല. അങ്ങനെ ഡോക്ടറോട് പറഞ്ഞ് ഓപ്പറേഷൻ മാർച്ച് പകുതിയോടെ ആകട്ടെ എന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് മറ്റു വിഷയങ്ങളൊന്നുമില്ല; മരുന്നു കഴിക്കണം, ഇടയ്ക്ക് ഡോക്ടറെ വന്ന് കാണണം, യൂറിൻ ട്യൂബ് മാറ്റണം; അങ്ങനെയൊക്കെ എട്ട് ആഴ് വളരെ വേഗം പോയി.
നമ്മുടെ സാഹചര്യം എന്തായാലും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക
ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ ദൈവം അവന്റെ സ്ഥിതിക്ക് മാറ്റം വരുത്തി. നമ്മുടെ സാഹചര്യം എന്തുതന്നെയായാലും കഷ്ടപ്പെടുന്ന മറ്റുള്ളവരെ കണ്ടാൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നത് നമ്മുടെ ചുമതലയാണ്. ഞാൻ വല്ലപ്പോഴും യൂട്യൂബിൽ കാണുന്ന ഒരു മനുഷ്യൻ. തൊടുപുഴക്കാരൻ. ഒരു ഇഞ്ചി കടിച്ചത് പോലെ ഉശിരോടെ നാട്ടുകാര്യവും രാഷ്ട്രീയവും ഒക്കെ പറയുന്ന ഒരു മനഷ്യൻ. സജി തോമസ് എന്നാണ് ആളിന്റെ പേര്. മാർച്ച് മാസത്തിൽ ഒരു ദിവസം ഇദ്ദേഹം യൂട്യൂബിൽ വന്ന് വലിയ നിലവിളി. സംഭവം ആളിന്റെ വീടും കടകളും എല്ലാം കൂടെ ഈട് വെച്ച് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് ഒരു ലോൺ എടുത്തിരുന്നു. കോവിഡ് കാരണം ബിസിനസ് എല്ലാം പൊളിഞ്ഞു. 50 ലക്ഷം രൂപ ഉടനെ അടയ്ക്കണം. ഇല്ലെങ്കിൽ വീടും കടകളും ഉൾപ്പെടെ ഏതാണ്ട് 3 കോടി രൂപയുടെ സ്വത്തു മുഴുവൻ ബാങ്ക് കൊണ്ടുപോകും. വേറെയും പ്രോപ്പർട്ടി ഒക്കെ ഉണ്ട് ഇദ്ദേഹം വിൽക്കാൻ നോക്കിയിട്ട് ആരും വാങ്ങാൻ ഇല്ല. അദ്ദേഹം ആളുകളോട് പറയുന്നത് എല്ലാവരും കുറേശ്ശെ പൈസ ഇട്ട് എങ്ങനെയെങ്കിലും ബാങ്കിനെ ഒഴിവാക്കിയാൽ പിന്നെ ഈ പ്രോപ്പർട്ടി വിറ്റ് ആയാലും എല്ലാവരുടെയും പൈസ തിരിച്ചു തരാം എന്നാണ്. മാർച്ച് 15 ബാങ്കുകാർ അവസാന അവധി കൊടുത്തിരിക്കുകയാണ്. ഈ മനുഷ്യന്റെ പ്രയാസം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി. എന്റെ ഓപ്പറേഷനും ഞാൻ മനസ്സിൽ കൂട്ടിയത് മാർച്ച് 15 ആണ്. ഇതിന്റെ വിവരം അറിഞ്ഞിട്ട് ആകാമെന്ന് ധരിച്ച് എന്റെ ഓപ്പറേഷൻ മാർച്ച് 17 തീയതി ആകാമെന്ന് തീരുമാനിച്ചു. ഇങ്ങനെയുള്ള ക്രിട്ടിക്കൽ സാഹചര്യങ്ങളിൽ നമ്മൾ മനസ്സ് നൊന്ത് പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും എന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്ക് അനസ്തേഷ്യ തരുന്നതിന് മുമ്പേ ഈ മനുഷ്യൻ രക്ഷപ്പെട്ട് കാണണമെന്ന് ഞാൻ മനസ്സു നൊന്തു പ്രാർത്ഥിച്ചു. ആളുകളൊക്കെ ചെറുതും വലുതുമായി തുകകൾ അയച്ചുകൊടുക്കുന്നു, സ്വർണ്ണം പണയം വെക്കാൻ കൊടുക്കുന്നു. പത്താം തീയതി ആയപ്പോഴൊക്കെ ഏതാണ്ട് 30 ലക്ഷം വരെ എത്തി. ആകെ ടെൻഷനായി ഒരുവിധത്തിലും പതിനഞ്ചാം തീയതിക്കകം 50 എത്തുന്ന മട്ട് കാണുന്നില്ല. ബാങ്ക് ഒരു ഉപകാരം ചെയ്തു. പതിനഞ്ചാം തീയതി എന്ന ഡേറ്റ് അഞ്ച് ദിവസത്തേക്ക് നീട്ടി കൊടുത്തു; പതിനേഴാം തീയതി എന്റെ ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുകയാണ്. മനസ്സിന് ഒരു പ്രയാസം. ഈ മനുഷ്യൻ ആപത്തിൽ നിന്ന് പുറത്ത് കടന്നു എന്ന് ഓപ്പറേഷനു മുമ്പ് കേൾക്കണം എന്ന് വല്ലാത്ത ആഗ്രഹം.
അപ്പോൾ വരുന്നു അടുത്ത അൽഭുതം. ഹോസ്പിറ്റലിൽ നിന്ന് വിളിച്ചുപറയുന്നു ഡോക്ടർ അത്യാവശ്യമായി അവധിയിൽ പോകുന്നു. ആറുമാസമായി ഞാൻ ഡോക്ടറെ കാണുന്നതാണ്. ഒരു ദിവസം പോലും ഡോക്ടർ അവധിയെടുത്ത് കണ്ടിട്ടില്ല. ഇത്തവണ ഡോക്ടർ അവധി എടുത്തിരിക്കുന്നത് 5 ദിവസത്തേക്ക്. എന്നുവെച്ചാൽ ഇരുപതാം തീയതി വരെ ഡോക്ടർ അവധി. എന്താ കാരണം എന്നൊന്നും ഞാൻ അന്വേഷിച്ചില്ല. എനിക്കറിയാം എനിക്കുവേണ്ടിയാണ് ഡോക്ടറെ കൊണ്ട് അവധിയെടുപ്പിച്ചത് എന്ന്. ഇതിനിടയിൽ ദൈവകൃപയാൽ അനേകർ ആ മനുഷ്യനെ സഹായിച്ചു.. ബാങ്കിന്റെ കടം അടച്ചു തീർത്തു. സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് യൂട്യൂബിൽ ആളിന്റെ വീഡിയോ ഇരുപതാം തീയതി തന്നെ വന്നു.
മാർച്ച് 22 ശനിയാഴ്ച സർജറി.. ആശുപത്രിയിൽ കൈപിടിച്ച് കൂടെ നടക്കുന്ന യേശു
എന്റെ സർജറിക്കുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി. വിശദമായ ലാബ് റിപ്പോർട്ട് എടുത്തു കുഴപ്പമൊന്നുമില്ല. താഴോട്ട് പോയിക്കൊണ്ടിരുന്ന ശരീരഭാരം ഓപ്പറേഷനു മുമ്പ് തന്നെ കഴിഞ്ഞ രണ്ടുമാസം കൊണ്ട് തിരികെ നോർമൽ ആയി. മാർച്ച് 22 ശനിയാഴ്ച ഓപ്പറേഷൻ ഫിക്സ് ചെയ്തു. മാർച്ച് ഇരുപത്തി ഒന്നാം തീയതി അഡ്മിറ്റ് ആകണം. ഇരുപത്തിരണ്ടാം തീയതി രാവിലെ ഓപ്പറേഷൻ. സത്യം പറഞ്ഞാൽ ഓരോ കാരണത്താൽ ഓപ്പറേഷൻ മുന്നോട്ടു മുന്നോട്ടു നീങ്ങി പോകുന്നതിൽ ഞാൻ ഉള്ളിൽ സന്തോഷിക്കുകയായിരുന്നു. കാരണം പുറമേ വലിയ ധൈര്യമൊക്കെ അഭിനയിക്കുമെങ്കിലും ഉള്ളിൽ ഞാൻ അല്പം പേടി കൂടുതലുള്ള ആളാണ്. എന്നാൽ ഓപ്പറേഷന് പോയി അഡ്മിറ്റ് ആകേണ്ട ദിവസം എന്റെ മനസ്സിൽ ഭയത്തിനു പകരം സന്തോഷം വന്ന് നിറയാൻ തുടങ്ങി. എനിക്കു തന്നെ അതിശയമായി. രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ ഒരുങ്ങുന്നതും ഇറങ്ങുന്നതും ഒക്കെ ഏതാണ്ട് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിൽ പോകാൻ പോകുന്ന മട്ടിലാണ്. സത്യം പറഞ്ഞാൽ ഇതാണ് ദൈവത്തിന്റെ പ്രവർത്തി എന്ന് പറയുന്നത്. സംഗതി അവിടം കൊണ്ടും തീർന്നില്ല. അത്ഭുതങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ. ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ കൗണ്ടറിൽ ഇരിക്കുന്ന പെൺകുട്ടികൾക്കും അതിശയം. സാധാരണ ഒരു ഓപ്പറേഷനു വേണ്ടി അഡ്മിറ്റ് ആകാൻ വരുന്ന ഏതൊരാളും അല്പം ടെൻഷനോടുകൂടിയാണ് കൗണ്ടറിൽ എത്തുന്നത്. ഇവിടെ ഒരു മനുഷ്യൻ വളരെ സന്തോഷത്തോടെ വന്നു നാളെ എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടെന്നു പറയുന്നു. ആ ഒരു അതിശയം അവരുടെ മുഖത്ത് കാണാനുണ്ട്. എന്നെ ഓപ്പറേഷൻ ഷെഡ്യൂൾ ചെയ്യുന്ന റൂമിലേക്ക് അയച്ചു.. ഏതൊക്കെയോ പേപ്പർ എല്ലാം ഒപ്പിട്ടു കൊടുത്തു. റൂം റെഡിയാകാൻ രണ്ടു മൂന്നു മണിക്കൂർ എടുക്കും, അതു വരെ വെയിറ്റിംഗ് റൂം തന്നു. ഏതാണ്ട് വൈകുന്നേരം ആയപ്പോൾ വിളിച്ചു റൂം റെഡിയായിട്ടുണ്ട് എന്ന് പറഞ്ഞു അങ്ങനെ റൂമിലേക്ക് മാറി. അവിടെ ചെന്നപ്പോൾ അടുത്ത അത്ഭുതം, ഞാൻ ബുക്ക് ചെയ്തിരുന്നത് എസി ഇല്ലാത്ത സാധാരണ റൂം ആണ്, ഈ റൂമിൽ എസി ഉണ്ട്. ഞാൻ വിളിച്ചു പറഞ്ഞു ഇനി അബദ്ധം വല്ലതും പറ്റിയതാണോ എന്ന് അറിയണമല്ലോ, അവര് പറഞ്ഞു എസി ഇല്ലാത്ത റൂം എല്ലാം ആദ്യം വന്നവർക്ക് അലോട്ട് ചെയ്തു പോയി, അതുകൊണ്ട് എസി റൂം അലോട്ട് ചെയ്തതാണ്; എസി ബില്ലിൽ വരത്തില്ല. അടുത്ത ദിവസം ഓപ്പറേഷൻ 7 30നു; കയ്യിൽ മരുന്നു കുത്തിവയ്ക്കാനുള്ള ക്യാന്യുല രണ്ടെണ്ണമോ മറ്റോ ഇട്ടു. ഓപ്പറേഷനു പോകാൻ തയ്യാറായിരിക്കണം എന്നു പറഞ്ഞു. അങ്ങനെ അടുത്ത ദിവസമായി, അറ്റൻഡർമാരൊക്കെ എത്തി, സത്യം പറഞ്ഞാൽ എനിക്ക് ഓപ്പറേഷൻ തീയേറ്ററിലേക്കു സുഖമായി നടന്നു പോകാവുന്ന കണ്ടീഷനാണ്. പക്ഷേ അത് പറ്റില്ലല്ലോ. അങ്ങനെ ഹോസ്പിറ്റൽ യൂണിഫോം ഒക്കെ ഇട്ട് കട്ടിലിൽ കയറി കിടന്നു. കട്ടിലൊടെ ഉന്തി ലിഫ്റ്റിൽ കയറ്റി താഴെ ഓപ്പറേഷൻ തിയേറ്ററിൽ എത്തിച്ചു. അവിടെ ഒരു 10 മിനിറ്റ് വെയിറ്റിംഗ് ഉണ്ടായിരുന്നു.. തുടർന്ന് ഓപ്പറേഷൻ ടേബിളിലേക്ക് മാറ്റി. ഞാൻ ഇങ്ങനെ കുട്ടികൾ കാഴ്ച ബംഗ്ലാവ് കാണുന്നതുപോലെ ചുറ്റും കണ്ണോടിക്കുകയാണ്. നമ്മുടെ സിനിമയിലൊക്കെ കാണുന്നതുപോലെ മുകളിൽ ലൈറ്റ് ചുറ്റും മാസ്ക് ഒക്കെ ഇട്ട ഡോക്ടർമാരും നഴ്സുമാരും. പണ്ട് കാലത്തു കണ്ട ഒരു അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിലെ സീനാണ് ഓർമ്മ വരുന്നത്. ഒരു ലോറി ഒരു മനുഷ്യന്റെ ദേഹത്ത് മുഴുവൻ ചെളി വെള്ളം തെറിപ്പിച്ചു പോകുന്നു. ആ മനുഷ്യൻ ലോറിയെ നോക്കി ചിരിച്ചുകൊണ്ട് പറയുകയാണ് "എന്തൊരു സ്പീഡ്". ഞാനിതിന്റെ കാഴ്ചയൊക്കെ കണ്ടു സന്തോഷമായി കിടക്കുമ്പോൾ ഡോക്ടർ മെല്ലെ ചെവിയിൽ പറഞ്ഞു അനസ്തേഷ്യ തരികയാണ്. കയ്യിൽ മുമ്പേ തന്നെ ആവശ്യമുള്ള കാനുല ഒക്കെ ഫിറ്റ് ചെയ്തിട്ടുള്ളത് കൊണ്ട് ഇഞ്ചക്ഷൻ എല്ലാം അതുവഴിയാണ് കൊടുക്കുന്നത്. ഏതാണ്ട് 5 സെക്കൻഡ് എടുത്തു കാണും.. പിന്നെ ചെറുതായി ഉറക്കം തെളിഞ്ഞു വരുമ്പോൾ കേൾക്കുന്നത് ഓപ്പറേഷൻ കഴിഞ്ഞു എന്ന് ഡോക്ടർ ചെവിയിൽ പറയുന്നതാണ്. പിന്നീട് അറിഞ്ഞു ഓപ്പറേഷൻ അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്ന്. സമയം കുറെ കൂടുതൽ എടുത്തു, അതുപോലെ സാധാരണഗതിയിൽ റിക്കവറി റൂമിലേക്കും തുടർന്ന് വാർഡിലേക്കും മാറ്റുന്നതിന് പകരം എന്നെ നേരെ സർജിക്കൽ ഐസിയുവിലേക്കാണ്.
രണ്ടുദിവസം ഐ സി യു
ഏതാണ്ട് പാതിമയക്കത്തിലാണ് ഐസിയുവിൽ കണ്ണു തുറക്കുന്നത്. പാതിരാത്രിയിൽ ഉറക്കത്തിനിടെ ആരോ വിളിച്ചുണർത്തിയത് പോലെ. ഡോക്ടർ അവിടെ നിന്ന് കൊടുക്കേണ്ട മരുന്നുകളും ടൈമിംഗ് ഇങ്ങനെ കുറെ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട് നേഴ്സുമാർ അതൊക്കെ നോട്ട് ചെയ്യുന്നുണ്ട്. അവിടെ ഡോക്ടറും നഴ്സും ഒക്കെ ഇരിക്കുന്ന ഒരു കൗണ്ടർ പോലെ ഒന്ന് അതിന്റെ മുന്നിലാണ് ബെഡ് ഇട്ടിരിക്കുന്നത്. ഐ സി യു എന്ന് കേൾക്കുമ്പോഴേ എന്റെ മനസ്സിൽ പണ്ട് ചിറമേൽ അച്ചൻ സരസമായി അവതരിപ്പിച്ച ഒരു പ്രസംഗം ആണ് ഓർമ്മ വരുന്നത്. അവിടെ സമയം അറിയാൻ വഴിയൊന്നുമില്ല; രാത്രിയാണോ പകലാണോ എന്ന് അറിയില്ല.. ഇങ്ങനെയൊക്കെ. എനിക്കാണെങ്കിൽ യാതൊരു ആവശ്യവും ഇല്ലെങ്കിലും കൂടെ കൂടെ സമയം നോക്കണം. നോക്കുമ്പോൾ ഹോളിന്റെ ഒത്ത നടുക്കുള്ള പില്ലറിൽ ഒരു ബ്ലോക്ക് തൂക്കിയിട്ടിരിക്കുന്നത്. അത് കണ്ടപ്പോൾ ഒരു ചെറിയ സമാധാനം. അതിന്റെ മുന്നിലുള്ള ഏതെങ്കിലും ബെഡ് കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് ഇങ്ങനെ കിടക്കുകയാണ്. ഇഞ്ചക്ഷനുകളും ഡ്രിപ്പുകളും ഇങ്ങനെ മുറയ്ക്ക് നീങ്ങുന്നുണ്ട്. അപ്പോൾ ഒരു നേഴ്സ് വന്ന് പതിയെ പറഞ്ഞു "അപ്പച്ചാ.. ഈ ബെഡ് അങ്ങോട്ടു മാറ്റാം. ഇതാ ക്ലോക്കിന്റെ നേരെ മുന്നിൽ എന്റെ ബെഡ്. അറിയാതെ ഞാൻ ചിരിച്ചു പോയി, കർത്താവ് പറ്റിക്കുന്ന ഓരോ പണികളേ.. മറ്റുള്ളവർക്ക് കേട്ടാൽ ഇതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു എന്ന് തോന്നും; എന്നാൽ ഇത് അത്ര നിസ്സാര കാര്യമല്ല. നമ്മുടെ ഏറ്റവും ചെറിയ ആഗ്രഹം പോലും കർത്താവ് മാനിക്കുന്നു എന്നതിന്റെ അറ്റസ്റ്റേഷനാണ് ഇതൊക്കെ.
ഐസിയുവിൽ ആദ്യത്തെ രാത്രി. അങ്ങനെ അധികം ഉറങ്ങാനൊന്നും പറ്റത്തില്ല. അങ്ങേ അറ്റത്തെ ശ്രദ്ധയാണ് അവിടെ ഓരോ രോഗിക്കും ലഭിക്കുന്നത്. ഒരു പോള കണ്ണടയ്ക്കാതെ നമ്മുടെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ട് നേഴ്സ് പെൺകുട്ടി ബെഡ്നു അരികിൽ തന്നെ ഉണ്ടാകും.
സർജറി ചെയ്ത ഭാഗം നോക്കുമ്പോൾ വയർ പൂർണമായും ചുറ്റി വലിയ ഒരു ബാൻഡേജ്, അതിനുള്ളിൽ കൂടി രണ്ട് ഡ്രയിൻ ട്യൂബ്, പോരാത്തതിന് രണ്ടോ മൂന്നോ കുപ്പികൾ കണക്ട് ചെയ്തിരിക്കുന്നു. അതൊക്കെ തീരുന്ന മുറക്ക് മാറ്റിക്കൊണ്ടിരിക്കും. ഒരെണ്ണം മരുന്ന് വെള്ളം ലിക്വിഡ് ഫുഡ് ഇങ്ങനെ സാധാരണ പോലെ ഞരമ്പിലേക്ക് കൊടുത്തിരിക്കുന്നു. മറ്റൊന്ന് സാധാരണയിൽ അധികം വലിപ്പംമുള്ള ഏതാണ്ട് വെളിയിലൊക്കെ കിട്ടുന്ന വലിയ പെപ്സി ബോട്ടിലിനെക്കാൾ വലിപ്പമുള്ള ബോട്ടിൽ. ആ ബോട്ടിലിന്റെ വലിപ്പവും യൂറിൻ ബാഗ് നിറയുന്ന വേഗവും കണ്ടപ്പോൾ കിഡ്നി ഇത്രയും ലോഡ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നായി എന്റെ ചിന്ത. ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞു ഈ വലിയ ബോട്ടിൽ നേരിട്ട് മുറിവ് വാഷ് ചെയ്ത് ബ്ലാഡർ വഴി പുറത്തു പോകുകയാണ്; എന്നുവെച്ചാൽ രക്തത്തിൽ കൂടി കിഡ്നി വഴി വരികയല്ല.
ഐസിയുവിൽ ഞാൻ ആദ്യം കിടന്നിരുന്ന ഭാഗത്തുള്ള ബെഡിൽ കിടക്കുന്ന അപ്പച്ചനെ വിളിച്ചുണർത്താനായി... ഏബ്രഹാം അപ്പച്ചാ കണ്ണൊന്നു തുറന്നേ.. എന്നുപറഞ്ഞ് ഡ്യൂട്ടിയിലുള്ള പെൺകുട്ടികൾ മാറിമാറി ശ്രമിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അൽപ്പാൽപ്പം ഉറങ്ങിയും ഉറങ്ങാതെയും അടുത്ത ദിവസം ഞായറാഴ്ച പ്രഭാതമായി. സർജറിയെക്കുറിച്ച് മുമ്പ് ഞാൻ പലരോടും ചോദിച്ചു മനസ്സിലാക്കിയ ഒരു കാര്യം സർജറിയുടെ പിറ്റേദിവസം നല്ല വേദന ഉണ്ടാകും എന്നാണ്. തലേ ഞായറാഴ്ച ചർച്ചിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത ഇതുതന്നെയാണ്.. അടുത്തയാഴ്ച ഈ സമയത്ത് എല്ലാവരും ഇവിടെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ഒരാൾ അവിടെ ഹോസ്പിറ്റലിൽ നല്ല വേദന സഹിച്ചു കിടക്കുന്നു എന്നൊക്കെയാണ് ചിന്തിച്ചത്. പെയിൻ കില്ലർ തുടർച്ചയായി ഇഞ്ചക്ട് ചെയ്തിരുന്നതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് കടുത്ത വേദനയൊന്നും അനുഭവപ്പെടില്ല. അങ്ങനെയിരിക്കുമ്പോൾ വാതിൽക്കൽ നല്ല പരിചയമുള്ള മുഖം. അബുദാബിയിലെ സഭയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന, എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ബിനോയി ബ്രദർ. വളരെ അത്യാവശ്യമുള്ള ബൈസ്റ്റാൻഡേഴ്സിനെ മാത്രമേ ഏതാനും മിനിറ്റുകളിലേക്ക് ഐസിയുവിൽ അനുവദിക്കുകയുള്ളൂ. എനിക്ക് അതിശയമായി; ഞായറാഴ്ച കർത്താവ് ഒരു ചർച്ച് തന്നെ ഐസിയുവിലേക്ക് അയച്ചത് പോലെ. അപ്പോഴാണ് അറിയുന്നത് രാത്രിയിൽ അവിടെ എബ്രഹാം അപ്പച്ചാ കണ്ണ് തുറന്നേ എന്നു വിളിച്ചുണർത്താൻ ശ്രമിക്കുന്നത് ബിനോയ് ബ്രദറിന്റെ പപ്പായെ ആണെന്ന്. അങ്ങനെ ബിനോയി ബ്രദർ ലഭിച്ച അൽപ്പനേരം സംസാരിച്ചു പ്രാർത്ഥിച്ചു. മടങ്ങിപ്പോയി. അടുത്ത ദിവസം തിങ്കളാഴ്ച രാവിലെ എന്നെ ബെഡിൽ നിന്ന് മെല്ലെ എഴുന്നേൽപ്പിച്ചു, 10 സ്റ്റെപ്പ് നടത്തി. കസേരയിൽ ഇരുത്തി. ആരോഗ്യത്തോടെ നടക്കുമ്പോൾ നമ്മൾ ഇതിന്റെ ഒന്നും വില അറിയില്ല. രണ്ടു ദിവസം കിടപ്പാവുമ്പോഴാണ് ഓരോന്നിന്റെയും വില മനസ്സിലാകുന്നത്. രണ്ടുദിവസം വാർഡിൽ ട്രീറ്റ് ചെയ്തു. ഡ്രയിൻ ട്യൂബുകൾ രണ്ടെണ്ണം ഉണ്ടായിരുന്നതിൽ ഒന്ന് ഡോക്ടർ വന്ന് മാറ്റി. രണ്ടുദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് സർജിക്കൽ ബയോപ്സിയുടെ റിസൾട്ട് വന്നു. ദൈവകൃപയാൽ യാതൊരു കുഴപ്പവുമില്ല.
ചുരുക്കി പറഞ്ഞാൽ, ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും ഒരു പ്രതിസന്ധി ഉരുണ്ടുകൂടി വരാവുന്നതേയുള്ളൂ. യേശുവിന്റെ കൈപിടിച്ച് നല്ലതേ വരികയുള്ളൂ എന്ന പൂർണ ബോധ്യത്തോടെ അതിനെ നേരിടുകയാണ് നമുക്ക് മുന്നിലുള്ള ഏറ്റവും ശരിയായ മാർഗം.